тнєѕє ѕωєєт мємσяιєѕ ωяιттєη ву:

Saturday, 12 February 2011

വെറുക്കുകയാണോ നീ? ഞങ്ങളെ, ഈ ലോകത്തെത്തന്നെയും? മാപ്പ് പറയട്ടെയീ ലോകത്തിനു വേണ്ടി, ഒരിറ്റു കണ്ണ് നീര് മാത്രം നിനക്കായോഴുക്കുവാന്‍ ...


നിനക്ക് നോവുന്നുണ്ടോ?
നിന്റെ വിരലുകളിടക്കിടെ
അറിയാതെ വിറക്കുന്നത്
തലച്ചോറില്‍ കുത്തിയിറങ്ങുന്ന
വേദന കൊണ്ടാണോ?

നിന്റെ വസ്ത്രങ്ങളിപ്പോൾ
പത്രങ്ങളുടെ പട്ടുവസ്ത്രമാണ്
നീ കിടന്ന റയില്‍ പാളവും,
നീ യാത്ര ചെയ്ത കമ്പാര്‍ട്ട്മെന്റും,
നിന്നെ കെടുത്തിയവന്റെ ഒറ്റക്കയ്യും,
അവന്‍ ചെയ്ത പാപങ്ങളും
നിനക്കായ് നിന്റെ ജന്മ-ദാതാക്കളൊഴുക്കിയ
ഹൃദയരക്തവും ചുടു കണ്ണുനീരും
ചാനലുകളില്‍ പെരുമഴയായി പെയ്യുകയാണ്
എന്താണ് നിന്റെയുള്ളില്‍,
കരയരുതേയെന്നു കേഴുകയാണോ..?

നിന്നെ കണ്‍കുളിര്‍ക്കെ
കാണാന്‍ നാളുകളായ് കൊതിച്ച,
നിന്നില്‍ പ്രതീക്ഷയര്‍പ്പിച്ച
സ്നേഹത്തിന്റെ,സുരക്ഷയുടെ,
വാത്സല്യത്തിന്റെ കവചം തീര്‍ത്ത
പ്രിയരാം മാതാപിതാക്കളോട്,
നിനക്കായി പ്രാര്‍ഥനയുടെ
ഏറിയ ഭാഗവും'കാത്തുവക്കുന്ന
നിന്നെ സ്നേഹിക്കുന്ന നാട്ടുകാരോട്.
പ്രാര്‍ഥിക്കയാണോ നീ,
ക്രൂരതയുടെ ശ്വാസം നിലക്കാന്,
രാക്ഷസനെ ഇഞ്ചിഞ്ചായി
വേദനിപ്പിച്ചു വധിക്കുവാന്‍.
മനമുരുകുകയാണോ നീ,
ക്രൂരതയുടെ,പൈശാചികതയുടെ,
തിന്മയുടെ ലോകത്തേക്ക്
ഇനിയും തിരികെ വരാതിരിക്കാന്‍,
ജീവശ്വാസം ഇനിയും
വലിച്ചു നീട്ടാതിരിക്കുവാന്‍,
വേദനയില്ലാതെ പോകുവാന്‍,
പരീക്ഷണങ്ങളുടെ തീചൂളകളിലേക്ക്
ഇനിയും വലിച്ചിഴക്കാതിരിക്കുവാന്‍?

വെറുക്കുകയാണോ നീ?
ഞങ്ങളെ, ഈ ലോകത്തെത്തന്നെയും?
മാപ്പ് പറയട്ടെയീ ലോകത്തിനു വേണ്ടി,
ഒരിറ്റു കണ്ണ് നീര് മാത്രം നിനക്കായോഴുക്കുവാന്‍...
(ശബ്ന സുമയ്യയുടെ കവിത)

Friday, 17 December 2010

അജ്ഞാതവാസം



ഒടുവില്‍ അങ്ങനെ ഒരു തീരുമാനത്തില്‍ എത്തി, കുറച്ചു നാള്‍ (അതു എത്രയെന്നു ഇതുവരെ തീരുമാനിച്ചിട്ടില്ല) സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളോട് അല്‍പം വിശ്രമം അപേക്ഷിക്കാം എന്ന്. വളരെ ആലോചിച്ചു എടുത്ത തീരുമാനം ഒന്നും അല്ല കേട്ടോ.. എന്നാല്‍ അതു നന്നായിരിക്കും എന്നൊരു തോന്നല്‍.. അങ്ങനെ ഇന്നലെ രാത്രി ആക്റ്റീവ് ആയിരുന്ന എല്ലാ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും, ചാറ്റ് മെസ്സഞ്ചറുകളും ഒരറിയിപ്പും കൂടാതെ വിചെദിച്ചു കളഞ്ഞു. ലോകത്തില്‍ നമ്മുടെ അഭാവം എത്ര തന്നെ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നൊന്നു കാണണമല്ലോ..
താളം തെറ്റിയ ടൈം-ടേബിളുകള്‍ ഇനിയൊന്നു പുനക്രമീകരിക്കണം. ആ ലഹരിയെ ഇനിയൊന്നു കണ്ട്രോള്‍ ചെയ്യാം എന്നു വിചാരിക്കുന്നു. ഒരുപിടി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. ഉറങ്ങി എഴുന്നേല്‍ക്കുന്നത് ആരുടെയെങ്കിലും സ്ക്രാപ്‌ ഉണ്ടോ എന്നും, മണിക്കൂറില്‍ സ്റ്റാറ്റസ് ചേഞ്ച്‌ ചെയ്യുന്നതും ഉറങ്ങുമ്പോള്‍ ഒരായിരം കമന്റ്സ് കിട്ടുന്ന ഒരു പോസ്റ്റ്‌ എങ്ങനെ പോസ്റ്റ്‌ ചെയ്യാം എന്നൊക്കെ ഓര്‍ത്തു ചിന്ധിച്ചു കിടന്നു നാള്‍ കുറെ അങ്ങ് പോയി. ഒരുവട്ടം ഇതു വായിക്കുന്ന എന്‍റെ പ്രിയ ആരാധര്‍ക്കും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കാം. ആ ശ്വാസം മുട്ടല്‍ എങ്ങനെ അവസാനിപ്പിക്കാം എന്നൊരു കമന്റ്‌ ഞാന്‍ ഇതില്‍ പ്രതീക്ഷിക്കുന്നു...

(nb:ആരാധകര്‍ ഒന്നുകൊണ്ടും വിഷമിക്കണ്ട, ഒരുനാള്‍ ഞാന്‍ തിരികെ എത്തും)

Tuesday, 14 December 2010

ആദ്യത്തെ റേവ് പാര്‍ട്ടി

ഇന്നു വളരെ അവിചാരിതമായി ഒരു ബ്ലോഗില്‍ റേവ് പാര്‍ട്ടികളെ കുറിച്ച് വായിക്കാന്‍ ഇടയായി. അപ്പോഴാണ് പണ്ട് ഇതുപോലത്തെ ഒരു കൊച്ചു പാര്‍ട്ടി ബിലാല്‍ ഇക്കാടെ പഴയ കൊച്ചിയില്‍ അറ്റന്‍ഡന്‍സ് വെച്ച കാര്യം ഓര്‍മ്മയില്‍ വന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ അതായിരുന്നു എന്‍റെ ആദ്യത്തെ റേവ് പാര്‍ട്ടി... ആകാലത്ത് ഇംഗ്ലീഷ് സിനിമകളിലെ പബ്ബ് രംഗകള്‍ മാത്രം കണ്ടു ക്ലബ്ബിംഗിനെ കുറിച്ച് മനസ്സിലാക്കി വെച്ചിട്ടുള്ള തെറ്റിധാരണകള്‍ തിരുത്താന്‍ കിട്ടിയ ഒരു സുവര്‍ണ്ണാവസരം. നന്നേ മുതലാക്കി എന്നു വേണമെങ്കില്‍ പറയാം.
പശ്ചാത്തലത്തിലെ ട്രാന്‍സ് (ആധുനിക പാശ്ചാത്യ കര്‍ണാടിക്) രാഗങ്ങളോട് കയ്യിലെ നുരഞ്ഞുപോങ്ങുന്ന ബിയര്‍ മഗ്ഗും സിരകളിലെ ലഹരിയുടെ ഭാങ്കും ചുറ്റുമുള്ള നാടന്‍-മറുനാടന്‍ തരുണിമണികളുടെ നൃത്തചുവടുകളും കണ്ടപ്പോള്‍ ഒരു നിമിഷം ഞാന്‍ അറിയാതെ ചെറുതുരുത്തിയിലെ Kalamandalam Deemed University of Art and Culture ഒടിച്ചു വളക്കാതെ പറഞ്ഞാല്‍ നമ്മുടെ കേരള കലാമണ്ഡലത്തിലാനിന്നു അറിയാതെ ഓര്‍ത്തുപോയി. സ്വബോധത്തോടെ അന്നു അവിടെ നിന്നും ആരും പുറത്തുപോയിട്ടില്ല എന്നാണ് എന്‍റെ നേരിയ ഒരോര്‍മ്മ.
ഓര്‍മ്മകളുടെ മണിച്ചെപ്പില്‍ ഇതുകുറിച്ചിടാനുണ്ടായ സാഹചര്യം വളരെ യാദ്രിശ്ചികം മാത്രം...

Wednesday, 1 December 2010

പ്രണയകാലം-അനില്‍ പനച്ചൂരാന്‍

ഒരു കവിത കൂടി ഞാന്‍ എഴുതിവെക്കാം

എന്‍റെ കനവില്‍ നീ എത്തുമ്പോള്‍ ഓമനിക്കാന്‍,

ഒരു മധുരമായന്നും ഓര്‍മ്മ വെക്കാന്‍

ചാരു ഹൃദയാഭിലാഷമായ്‌ കരുതിവെക്കാന്‍...


കനലായ് നീ നിന്നെരിഞ്ഞോര നാളിലെന്‍

അറകള്‍-നാലറകള്‍; നിനക്കായ്‌ തുറന്നു

നറുപാല്‍കുടം ചുമന്നെത്രയോ മേഘങ്ങള്‍...

മനമാറുവോളം നിറമാരി പെയ്തു

കറുക തടത്തിലെ മഞ്ഞിന്‍കണംതൊട്ടു

കണ്ണെഴുതുമാ വയല്‍കിളികള്‍

ഓളം വകെഞ്ഞെത്തുമോടി വള്ളത്തിനെ

കാറ്റുംമ്മവെച്ചങ്ങു പാടി..


ഒരു വിളിപ്പാടകലെ നില്‍ക്കും ത്രിസന്ധ്യകള്‍

അവിടെ കുട നിവര്‍ത്തുമ്പോള്‍

ഒടുവിലെന്‍ രാഗത്തില്‍ നീയലിഞ്ഞു..

ഞാന്‍ ഒരു ഗാനമായ് പൂപൊലിച്ചു


നാട്ടുവെളിച്ചം വഴി വെട്ടിയിട്ടോരീ

ഉഷമലരി പൂക്കുന്നതൊടിയില്‍

മണ്‍ത്തരികളറിയാതെ നാം നടന്നു..

രാവിന്‍ നീലവിരി നമ്മെ പൊതിഞ്ഞു

ഹൃദയമാമാകാശ ചെരുവിലാ താരകം

കണ്‍ചിമ്മി നമ്മെ നോക്കുമ്പോള്‍

ഒരു മാത്ര കൂടി നീ ഇവിടെ നിന്നാല്‍...

ഞാന്‍ ജനിമൃതികള്‍ അറിയാതെ പോകും...

Monday, 25 October 2010

അങ്ങനെയൊരു അയ്യപ്പന്‍...!!



വിദേശത്തെ വീട്ടില്‍ നൈറ്റ്‌ ഡ്യൂട്ടിയുടെ ക്ഷീണം കഴിഞ്ഞു തൃസന്ധ്യ നേരത്തെഴുന്നേറ്റു ഒരു ചൂട് ചായയും ചുണ്ടോടടിപ്പിച്ചു ഓണ്‍ലൈന്‍ ടി.വിയില്‍ നാട്ടിലെ വാര്‍ത്ത വെച്ചപ്പോഴാണ് കവി എ.അയ്യപ്പന്‍ ജീവിതം പോലെ തന്നെ അനാഥനായി റോഡ്‌ അരുകില്‍ ആരോരും തിരിച്ചറിയാതെ കഥാവശേഷനായി ചരമമടഞ്ഞ വിവവം ഞാന്‍ അറിയുന്നത്. പെട്ടെന്നു കേട്ടപ്പോള്‍ ഒരു ഞെട്ടല്‍ ആയിരുന്നു. പിന്നീട് ചിന്തിച്ചപ്പോള്‍ ഇങ്ങനെ അല്ലാതെ എങ്ങനെയാണ് അയ്യപ്പനു മരിക്കാന്‍ കഴിയുക എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു.

ഞാനും അയ്യപ്പനും തമ്മില്‍ ഒരു ചെറിയ പരിചയം ഉണ്ട്. അദ്ധേഹത്തെ സംബന്ധിച്ച് ഒന്നുമല്ല, എന്നാലും പാഠപുസ്തകത്തിലെ കാണാപാഠം പഠിക്കാനുള്ള ചൂരല്‍ കവിതകളില്‍ നിന്നും കവിതയെ വെറുത്തു പോയ എനിക്കു അവയെ അഭിനിവേശത്തോടെ വായിക്കാന്‍ പ്രേരിപ്പിച്ച ചുരുക്കം ചില കവികളില്‍ ഒരാളാണ് അയ്യപ്പന്‍. ഒരിക്കല്‍ വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി തിരുവനന്തപുരം യുണിവേഴ്സിറ്റിയില്‍ പോകേണ്ടിവന്നു. അന്ന് ഒരു വൈകുന്നേരം ഫൈന്‍ ആര്‍ട്സ്‌ കോളേജിനു മുന്‍പിലൂടെ നടന്നു പൊയ്ക്കൊണ്ടിരുന്ന എനിക്കുനേരെ ഒരു യാചക കൈ നീണ്ടു വന്നു. പിന്നീടുള്ള ചോദ്യം
"ഡാ..ഒരു നൂറു രൂപ എടുക്കനുണ്ടോടാ നിന്‍റെ കയ്യില്‍?" എന്നായിരുന്നു..
ഞാനൊന്നു ഞെട്ടി, അത് അയ്യപ്പനാനെന്നു തിരിച്ചറിയാന്‍ എനിക്ക് ഒന്ന്-രണ്ടു നിമിഷം എടുത്തു. അദ്ധേഹത്തിന്‍റെ ആവശ്യം മനസ്സിലാക്കി അദ്ധേഹത്തെയും കൂട്ടി അടുത്തെ ഒരു ചായക്കടയില്‍ ഞാനും എന്‍റെ ഒരു സുഹൃത്തും കയറി. അവിടെ ഇരുന്നു ഒരു അര മണിക്കൂര്‍ ഞങ്ങള്‍ സംസാരിച്ചു. ജീവിതത്തെ കുറിച്ചുള്ള എന്‍റെ കാഴ്ചപ്പാടുകള്‍ തെറ്റാണു എന്ന് എനിക്ക് തിരിച്ചറിവ് വരുത്തുവാന്‍ ആരോ എന്‍റെ മുന്നില്‍ ഇതാ ഒരു ഉദാഹരണം കൊണ്ടുവന്നു നിരതിയെക്കുന്നു. അദ്ദേഹത്തിന്‍റെ മരണ വാര്‍ത്ത കേട്ട ആ നിമിഷം എന്‍റെ മനസ്സില്‍ ഒരു നിമിഷം ഓടിയത് ആ പഴയ അര മണിക്കൂര്‍ ആയിരുന്നു. അയ്യപ്പനെ ഞാന്‍ നേരില്‍ കണ്ട ആ അര മണിക്കൂര്‍..
ഈ സംഭവം എന്‍റെ ഓര്‍മ്മകളുടെ ഡയറി കുറിപ്പില്‍ ഞാന്‍ കുറിച്ചിടുന്നു..

ഇനിയാരുണ്ട് ഇത്ര ധൈര്യത്തോടെ "ഡാ" എന്ന് ഉച്ചത്തില്‍ വിളിക്കാന്‍. റോഡിലെ ഇലക്ട്രിക്‌ പോസ്റ്റിനെ നോക്കി ഉച്ചത്തില്‍ തെറിവിളിക്കാന്‍ ആരുണ്ട്‌? ജീവിതം അഭിനയിച്ചു തീര്‍ക്കുന്ന നമ്മുക്ക് അദ്ദേഹത്തില്‍ നിന്നും ഒരുപാട് സ്വീകരിക്കാനുണ്ട്‌.

എനിക്കിഷ്ട്ടമായിരുന്നു അയ്യപ്പനെ!
ഒന്നിലും നോക്കാതെ, എല്ലാത്തിലും ശ്രദ്ധചെലുത്തി നടന്ന അയ്യപ്പനെ,
സത്യം വിളിച്ചു പറയുന്ന അയ്യപ്പനെ,
ഇങ്ങനെ വിളിച്ചു പറഞ്ഞ അയ്യപ്പനെ:

"കാറപകടത്തില്‍പ്പെട്ടു മരിച്ച
വഴിയാത്രക്കാരന്‍റെ
ചോരയില്‍ ചവുട്ടി ആള്‍ക്കൂട്ടം നില്‍ക്കേ
മരിച്ചവന്റെ പോക്കറ്റില്‍ നിന്നും പറന്ന
അഞ്ചുരൂപയിലായിരുന്നു എന്‍റെ കണ്ണ്‌.."
എനിക്കിഷ്ട്ടമായിരുന്നു അയ്യപ്പനെ...!

Friday, 22 October 2010

ആദരാഞ്ജലികള്‍..!!!

തെരുവിലിരുന്നു വെയില്‍ തിന്ന പക്ഷി ആരോടും പറയാതെ ആരോരും അറിയാതെ പറന്നകന്നു...

ബാല്യത്തിലെ ഒട്ടപെടലുകളില്‍ നിന്നും കവിയായി മാറി, പിന്നീട് വീടും വിലാസവും ഇല്ലാതെ; ലഹരിയും പ്രണയവും ഒരുപോലെ സിരകളെ തഴുകി തലോടിയ കാലത്ത് അദ്ദേഹമെഴുതിയ അരക്ഷിതമെന്നും ആരാജകമെന്നും തോന്നിപ്പിക്കുന്ന പല കവിതകളും എന്‍റെ പ്രിയപ്പെട്ടവയാണ്.

വ്യവസ്ഥിതിയോട് കലഹിച്ചു യാത്രപോലും പറയാതെപോയ ഒറ്റയാനെ .. ആദരാഞ്ജലികള്‍...!!!