
നിനക്ക് നോവുന്നുണ്ടോ?
നിന്റെ വിരലുകളിടക്കിടെ
അറിയാതെ വിറക്കുന്നത്
തലച്ചോറില്‍ കുത്തിയിറങ്ങുന്ന
വേദന കൊണ്ടാണോ?
നിന്റെ വസ്ത്രങ്ങളിപ്പോൾ
പത്രങ്ങളുടെ പട്ടുവസ്ത്രമാണ്
നീ കിടന്ന റയില്‍ പാളവും,
നീ യാത്ര ചെയ്ത കമ്പാര്‍ട്ട്മെന്റും,
നിന്നെ കെടുത്തിയവന്റെ ഒറ്റക്കയ്യും,
അവന്‍ ചെയ്ത പാപങ്ങളും
നിനക്കായ് നിന്റെ ജന്മ-ദാതാക്കളൊഴുക്കിയ
ഹൃദയരക്തവും ചുടു കണ്ണുനീരും
ചാനലുകളില്‍ പെരുമഴയായി പെയ്യുകയാണ്
എന്താണ് നിന്റെയുള്ളില്‍,
കരയരുതേയെന്നു കേഴുകയാണോ..?
നിന്നെ കണ്‍കുളിര്‍ക്കെ
കാണാന്‍ നാളുകളായ് കൊതിച്ച,
നിന്നില്‍ പ്രതീക്ഷയര്‍പ്പിച്ച
സ്നേഹത്തിന്റെ,സുരക്ഷയുടെ,
വാത്സല്യത്തിന്റെ കവചം തീര്‍ത്ത
പ്രിയരാം മാതാപിതാക്കളോട്,
നിനക്കായി പ്രാര്‍ഥനയുടെ
ഏറിയ ഭാഗവും'കാത്തുവക്കുന്ന
നിന്നെ സ്നേഹിക്കുന്ന നാട്ടുകാരോട്.
പ്രാര്‍ഥിക്കയാണോ നീ,
ക്രൂരതയുടെ ശ്വാസം നിലക്കാന്,
രാക്ഷസനെ ഇഞ്ചിഞ്ചായി
വേദനിപ്പിച്ചു വധിക്കുവാന്‍.
മനമുരുകുകയാണോ നീ,
ക്രൂരതയുടെ,പൈശാചികതയുടെ,
തിന്മയുടെ ലോകത്തേക്ക്
ഇനിയും തിരികെ വരാതിരിക്കാന്‍,
ജീവശ്വാസം ഇനിയും
വലിച്ചു നീട്ടാതിരിക്കുവാന്‍,
വേദനയില്ലാതെ പോകുവാന്‍,
പരീക്ഷണങ്ങളുടെ തീചൂളകളിലേക്ക്
ഇനിയും വലിച്ചിഴക്കാതിരിക്കുവാന്‍?
വെറുക്കുകയാണോ നീ?
ഞങ്ങളെ, ഈ ലോകത്തെത്തന്നെയും?
മാപ്പ് പറയട്ടെയീ ലോകത്തിനു വേണ്ടി,
ഒരിറ്റു കണ്ണ് നീര് മാത്രം നിനക്കായോഴുക്കുവാന്‍...
(ശബ്ന സുമയ്യയുടെ കവിത)